Monday, August 25, 2008

സുജിത്‌.ജെ


ഗുജറാത്ത്‌:

"ഗാന്ധിയുണ്‍ടായിരുന്നതിനാല്‍ മാത്രമാണ്‌
ഗോഡ്‌സെ അതു ചെയ്തത്‌ !!!!
ആയതിനാല്‍ ഗാന്ധിയാണ്‌ യഥാര്‍ത്ഥ പ്രതി.
തന്നെ വധിക്കാന്‍ പ്രേരിപ്പിച്ചതിനും
ഗോഡ്‌സെയെ കൊല്ലാനിടയായതിനും"

Wednesday, August 13, 2008

സബീഷ് ഗുരുതിപ്പാല

ലജ്ജ:

തൂവിക്കിടക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി
കടിപിടി കൂടിയ ആണ്‍ പെണ്‍ നായകളെ കണ്‍ട്
ജീവന്‍ പോകാത്ത എല്ലിന്‍ കഷ്ണം നാണിച്ചു പോയി

Monday, August 11, 2008

രാജീവ്‌.ജി.ഇടവ

ദൈവമൂകത:

തന്‍റെ തെറ്റുകളെ ചൊല്ലി
അയാള്‍ സാഷ്‌ടാംഗം വീണ്‌
പാപക്കറ കഴുകിക്കളഞ്ഞു.
ആ രാത്രിയില്‍ ദൈവത്തിന്‍റെ സ്വര്‍ണ്ണമുഖവുമായി
അയാള്‍ ഇരുളിലേക്ക്‌ നടന്നു
പിന്നാലെ മൌനിയായി ദൈവവും.

Saturday, August 9, 2008

സുജിത്‌.ജെ

ഭ്രാന്തം:

ഓരോ ദിവസവും സമയം കുറച്ചുകുറച്ച്
അലാറം വച്ചു.
6,5.30,5,4.30.....
ഉറങ്ങാന്‍ കിടന്നസമയം തന്നെ
അലാറത്തിനായി തിരഞ്ഞെടുത്ത ദിവസം
ടൈംപീസില്‍നിന്നൊരശരീരി

Saturday, August 2, 2008

ശരത്‌ബാബു തച്ചമ്പാറ

പ്രസംഗം:

വീട്ടിലേക്കു നടക്കുന്ന കുട്ടിയുടെ മനസ്സില്‍
നിറഞ്ഞുനിന്നത്‌ കവലയില്‍ കേട്ട പ്രസംഗമായിരുന്നു.
വീട്ടില്‍ ചെന്ന ഉടന്‍ കുട്ടി
വസ്ത്രം മാറ്റാനോ ഭക്ഷണം കഴിക്കാനോ മെനക്കെടാതെ
ബാഗ്‌ വലിച്ചെറിഞ്ഞ്‌ അടുക്കളയില്‍നിന്ന്‌
കത്തിയെടുത്ത്‌ മൂര്‍ച്ച പരിശോധിച്ച്‌
അയല്‍വീട്ടിലേക്ക്‌ നോക്കി ദേഷ്യം കടിച്ചമര്‍ത്തി.

Wednesday, July 30, 2008

മുഹമ്മദ് ശിഹാബ്

ഖബര്‍:

പ്രണയിച്ചു വിവാഹിതരായ അവര്‍
ദീഘകാലം സുഖമായി ജീവിച്ചു.
അയാളുടെ മരണശേഷം അവള്‍
അയാളുടെ ഖബറിനോട് ചേര്‍ന്ന്
സ്വന്തം ഖബറെടുപ്പിച്ച്,
കാലങ്ങളോളം കാടുവെട്ടിയും,
പുല്ലുപറിച്ചും വൃത്തിയാക്കിയിട്ടു.
ഒരു നാള്‍ ഒരു സുനാമിത്തിരയില്‍
അവള്‍ അപ്രത്യക്ഷയായി.
ഖബര്‍ മാത്രം ആരെയോ പ്രതീക്ഷിച്ച്
ഉപ്പുവെള്ളത്തില്‍ നനഞ്ഞു കിടന്നു

Sunday, July 27, 2008

മുഹമ്മദ്‌ ശിഹാബ്‌

കാത്തിരിപ്പ്:

നാളുകള്‍ നീണ്‍ട ഇന്‍റര്‍നെറ്റ്
ചാറ്റിംഗിനൊടുവില്‍,
അവര്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു.
പറഞ്ഞുറപ്പിച്ച സ്ഥലത്ത് അടയാള
വസ്ത്രത്തില്‍ സ്വന്തം അനിയത്തിയെ കണ്‍ട്‌
അവന്‍ തിരിഞ്ഞോടി.
അവളിന്നും കാത്തിരിക്കയാണ്.......

Friday, July 25, 2008

നിതിന്‍.കെ

അച്ഛന്‍:

മലപ്പുറത്ത്‌ നാലു കൂടി.
കോട്ടയത്ത്‌ മൂന്നു കുറഞ്ഞു.
എന്താ പ്രശ്നം പട്ടക്കാര്‍ ആലോചിച്ചു.
പള്ളിക്കാര്‍ ഉത്തരം കണ്‍ടെത്തി.
പുതിയ ഓഫര്‍ ലേഖനമിറക്കി.
ഒന്നാമത്തേതിനു 25%.രണ്‍ടാമത്തേതിനു 50%.
മൂന്നാമത്തേതിനു 100%.
എന്നിട്ടും ഫലം കാണുന്നില്ല!
ഇനി എന്തുചെയ്യും? അച്ചന്‍ ആലോചിച്ചു.
വഴി ഒന്നേ ഉള്ളൂ അച്ചനുത്തരം കിട്ടി.
അങ്ങനെ 'അച്ചന്‍' "അച്ഛനായി"

Wednesday, July 23, 2008

സുജിത്‌.ജെ

കള്ളന്‍:

രണ്‍ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തിരിക്കുന്നവന്‍റെ പേന എടുത്തതിന്‌ കള്ളനായി. ബുക്ക്‌,കുട,ചെരുപ്പ്‌.....സ്വര്‍ണ്ണം,പണം.അപ്പോഴെല്ലാം കള്ളന്‍ തന്നെ. പെണ്ണിന്‍റെ മാനം കവര്‍ന്നപ്പോള്‍ മാത്രം എന്തേ വാണിഭക്കാരന്‍ എന്ന പേര്!

Saturday, July 19, 2008

വിജയന്‍ വിളക്കുമാടം

സ്വര്‍ണ്ണമത്സ്യം:

വലയിലകപ്പെട്ട സ്വര്‍ണ്ണ മത്സ്യം ചോദിച്ചു"ദൈവത്തിന്‍റെ മടിയില്‍ സുഖമായി വാഴുന്ന എന്നെയെന്തിനാണ്‌ നീ ഉപദ്രവിക്കുന്നത്‌?""നിന്നെ ബംഗ്ലാവിലെ സ്വീകരണമുറിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടുംകൂടി വാഴിക്കാം അവിടെ ഇന്‍റര്‍നെറ്റുണ്‍ട്‌, ഹോം തിയേറ്ററുണ്‍ട്‌, സ്വിച്ചമര്‍ത്തിയാല്‍തിരിയുന്ന ലോകങ്ങളുണ്‍ട്‌ "മത്സ്യത്തിന്‌ കോപം വന്നു" നിന്നെ ഞാന്‍ എപ്പോഴും പ്രതീക്‌ഷിച്ചിരുന്നു.നിന്‍റെ അടിമയാകാന്‍ ഒരിക്കലും എന്നെ കിട്ടില്ല"പെട്ടെന്ന്‌ ഉരുക്കുവലയിലെ വെള്ളം കടും ചുവപ്പായി.വായില്‍ സൂക്ഷിച്ചിരുന്ന സയനേഡ്‌ പൊട്ടിച്ച്‌ മത്സ്യം യാത്രയായി....

Tuesday, July 15, 2008

ടി.മഹേഷ്‌ സര്‍ഗ്ഗം

വാര്‍ത്ത:

ചുണ്‍ടില്‍ ഇത്തിരിക്കൂടി ലിപ്‌സ്റ്റിക്ക്‌ പുരട്ടി.കണ്ണുകള്‍ വാലിട്ടെഴുതുകയുംമുടിമെടഞ്ഞിടുകയുംചെയ്തു. എല്ലാ വിഷയത്തിനും എ പ്ലസ്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ അച്ഛന്‍ സമ്മാനിച്ച സ്കര്‍ട്ടും ടോപ്പും ധരിച്ചുകഴിഞ്ഞപ്പോഴേക്കും ചാനലുകാരുമെത്തി. ക്യാമറയുടെ മുന്നില്‍ നെഞ്ചില്‍ തല്ലി കരഞ്ഞു "വി.ഐ.പി കളടക്കം ഇരുപത്തൊന്നു പേരാ ഇവളെ...കോവളത്തും ഗുരുവായൂരുമൊക്കെ കൊണ്‍ടുപോയിട്ടാ അവരെന്‍റെ മോളെ..."

Wednesday, July 9, 2008

സുജിത്‌.ജെ

ചന്ത:

വെള്ളത്തുണി
പെട്ടി
വിറക്‌
സുഗന്ധദ്രവ്യങ്ങള്‍.
പുറത്തൊരു ബോര്‍ഡും
'മാര്‍ജിന്‍ ഫ്രീ മരണമാര്‍ക്കറ്റ്‌'

Tuesday, July 8, 2008

ചന്തിരൂര്‍.K.S.A.റഷീദ്‌

പ്രണയം:

"നീയില്ലാതെ എന്‍റെ ജീവിതം പൂര്‍ണ്ണമാകില്ല..!"
ആര്‍ത്തിരമ്പുന്ന കടല്‍ത്തീരത്തെ
പഞ്ചാര മണലില്‍
അവളുടെ മടിയില്‍ തലചായ്‌ച്ച്‌
കിടന്നുകൊണ്‍ട്‌ പറഞ്ഞു.
"ശരിയാണ്‌ കട്ട്യോന്‍ ഗള്‍ഫീന്ന്‌ വരുന്നതു വരെ എന്‍റെ ജീവിതവും..."
അവള്‍ മനസ്സില്‍ പറഞ്ഞു.

Sunday, July 6, 2008

ഷാനിര്‍.കെ.വി

പരാശ്രയം:

നിലാവ്‌, വിളറിയ ആകാശം, നരച്ച നക്ഷത്രങ്ങള്‍ ...
വരണ്‍ട മണ്ണ്‌.
മുതുക്കനൊരു മരം, തൊലികളടര്‍ന്ന്‌
ഇലകളെല്ലാം കാറ്റെടുത്തിരിക്കുന്നു.
കാറ്റിലകപ്പെട്ട അപ്പൂപ്പന്‍ താടി
മഴപ്പാടങ്ങള്‍ക്കിടയിലൂടെ,
മുതുക്കന്‍ മരത്തെ നോക്കി.
ഇരുട്ടിന്‍റെ ഒരു തുണ്‍ട്‌ മറവില്‍ മരം നക്ഷത്രങ്ങളേയും...
പരസ്‌പരം ഒളിഞ്ഞ്‌ നോക്കുന്നത്‌
വൃദ്ധന്‍മാര്‍ക്ക്‌ ആശ്വാസകരമത്രെ!

Tuesday, June 17, 2008

ശ്രീദേവി മധു

ചോദ്യം:

ദൈവം നീയെന്തിനാ
എനിക്ക്‌ മുന കൂര്‍മ്പിച്ചമുള്ളുകള്‍
ഇട്ടു തരുന്നത്‌ ?
ഉത്തരം... = അറിയില്ല
മാര്‍ക്ക്‌ = 0

Wednesday, May 7, 2008

സുജിത്‌.ജെ

വികസനം:

പുഴയില്‍ നിന്ന്‌ ജീവന്‍ രക്ഷിക്കാന്‍ കടലിലെത്തുമ്പോഴേക്കും തല നഷ്ടപ്പെട്ടിരുന്നു. ചുരുങ്ങിയ ദിവസത്തെ സമുദ്രജീവിതത്തിനിടയില്‍ അസ്ഥികൂടമായി മാറിയ മത്സ്യം അസ്ഥിത്വം കൂടി അപഹരിക്കുന്നതിന്‌ മുമ്പ്‌ കപ്പലിന്‌ തല വച്ചു.

Monday, March 10, 2008

സുജിത്.ജെ

സേവ:

കവലയില്‍ കറുപ്പച്ചി നട്ട പഞ്ഞിമരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കിട്ടു. വളര്‍ന്നപ്പോള്‍ പഞ്ഞിമെത്തക്ക്‌ വല്ലാത്ത കനം

Wednesday, March 5, 2008

സുജിത്‌.ജെ

വാണിഭം (പെണ്‍):

ജനസംഖ്യ വര്‍ദ്ധിക്കാതിരിക്കാന്‍ വിപ്ലവദമ്പതികള്‍
പിറക്കാനിരുന്ന പെണ്‍കുഞ്ഞിനെ മുഖകാന്തിലേപന കമ്പനിക്ക്‌ വിറ്റു.

പാഠം:

നഗരത്തിലെ തിരക്കിനിടയില്‍ നേരിയ ജലഛായയുള്ള കുഴികളും പൊന്തകളും ചൂണ്‍ടി "പുഴ". സര്‍ക്കാര്‍ ഭൂമിയിലെ മരക്കുറ്റികളും കുറ്റിച്ചെടികളും കാണിച്ച്‌ ഇത്‌ "വനം" .
പുതിയ പാഠങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‌ നിര്‍വൃതി"കാണിക്കാന്‍ ഇത്രയെങ്കിലും ബാക്കി വച്ചല്ലൊ"

ആത്മഹത്യ:

പതിവായി പത്രം വായിക്കുന്ന ഗര്‍ഭസ്ഥശിശു
ചെറുകുടലുകൊണ്‍ടൊരു കുരുക്കുണ്‍ടാക്കി എടുത്ത്‌ ചാടി.


സ്ഥിതം:

അന്ത്യനിമിഷങ്ങളിലേക്ക്‌ കടക്കുമ്പോള്‍ സ്മരണീയനാകാന്‍ വേണ്‍ടി
വൃദ്ധന്‍ സ്വന്തം പേര്‌ മുദ്രണം ചെയ്ത പ്ലാസ്റ്റിക്‌ സഞ്ചി പുറത്തേക്ക് വലിച്ചെറിഞ്ഞു.

പുണ്യം:

ഫാക്ടറി കുഴലിലൂടെ ചിതാഭസ്മം പുഴയിലേക്കൊഴുക്കുമ്പോള്‍ മകന്‍ സംതൃപ്തന്‍. വ്യവസായത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പിതാവിന്‌ മത്സ്യമായി പുനര്‍ജന്‍മം.

Monday, February 18, 2008

5 കഥകള്‍ (സുജിത്‌.ജെ)

ബുദ്ധമരം:

ബോധം വീണ്‍ടെടുക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍

വസ്ത്രങ്ങളില്ലാതെ തുപ്പലുണങ്ങിയ മുഖവുമായി!

ദളിതം:

അവശവര്‍ഗ്ഗങ്ങള്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ പത്രവാര്‍ത്തയാണാധാരം

കുയില്‍ വെള്ളപെയിന്‍റുമെടുത്ത്‌ തയ്യാറായി.

രോഗി:

കഫം,മലം,മൂത്രം...

വിസര്‍ജ്ജ്യങ്ങളില്‍ ജീവനുവേണ്‍ടിയുള്ള അന്വേഷണം നടക്കുന്നുണ്‍ട്‌.

മരണം:

പശുതിന്നുതീര്‍ത്ത കാട്‌,

പന്നികുത്തിനിരത്തിയ കുന്ന്‌,

മേമ്പൊടിക്ക്‌കുറെ ജീവികളും.

ടെന്‍ഷന്‍:

മൂന്നാം തരത്തില്‍ പടിക്കുന്ന ചെറുക്കന്‍

കൊടിയ മഴയത്ത്‌

പിറ്റേന്നത്തേക്കുള്ള ഗൃഹപാഠമോര്‍ത്ത്‌

നീളന്‍ കൂട്ടിലെ ഐസുകഷണങ്ങള്‍ മേലോട്ടുയര്‍ത്തുന്നു.

Friday, February 15, 2008

5 കഥകള്‍ (സുജിത്‌.ജെ)

ഭക്ത:

ഏലസിനുള്ളില്‍ കുരുങ്ങിയ ദേവിയും തകിടില്‍ അടിഞ്ഞുചേര്‍ന്ന ദേവനും മാറിടങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നു.

സന്ന്യാസം:

സര്‍ക്കാരുവിലക്കിയ, മനസ്സുകള്‍ ശരീരങ്ങള്‍ കൈമാറുന്ന ചലച്ചിത്രങ്ങള്‍ കണ്‍ട്‌ 'വാത്സ്യായനന്‍ 'സ്വര്‍ഗ്ഗത്തിലൂടെ വികാരാധീനനായി ഓടി നടക്കുന്നത്രെ!

വഴിയിലേക്ക് വീണവള്‍:

കണ്ണുകള്‍ അന്ധനിളക്കി.കാതുകള്‍ ഊമയൊരുത്തനെടുത്തു.
ക്യാന്‍സറുപിടിച്ചില്ലാതായ ഭാര്യക്ക് വേണ്‍ടി പതിവ്രതന്‍ മുലകടിച്ചുകൊണ്‍ടുപോയി.ഒടുക്കം
കിടന്ന ചോരപുരണ്‍ട തുണിക്കഷ്ണങ്ങള്‍ തള്ളക്കാക്ക വിലയിട്ടെടുത്തു.

രമണന്‍:

അവന്‍: നിന്നില്‍ പ്രകൃതിയുടെ സൌന്ദര്യമുണ്‍ട്‌!
അവള്‍: അച്ഛന്‌ മരം വെട്ടാണു ജോലി.
അവന്‍: കുടുംബത്തില്‍ പിറന്നവളെന്നു പറയേണ്‍ടതില്ല?
അവള്‍: ശരിയാണ്‌. വൈകുന്നേരങ്ങളില്‍ മുല്ലപ്പൂവും ചൂടി അമ്മ ഓരോ കുടുംബങ്ങളിലേക്ക്‌ പോകാറുണ്‍ട്‌.
അവന്‍: നിന്നെ ഞാന്‍ മനസാവരിച്ചുപോയി. ദയവായി !!
അവള്‍: ഇന്നലെ നീരാട്ടു സമയത്ത്‌ കുളക്കരയില്‍ വച്ച മനസ്സ്‌,തിരിച്ചെടുക്കുന്നതിനു മുമ്പേ തിരമാലകള്‍ കൊണ്‍ടുപോയി.

Thursday, February 7, 2008

സുജിത്.ജെ

വൈരുദ്ധ്യാത്മക....വാദം :

"ലോകത്തിലെ ഏക സോഷ്യലിസ്റ്റ് വര്‍ഗ്ഗം ഞങ്ങളാണ്.ധനികനോടും ദരിദ്രനോടും ഒരേ സമീപനമാണ്.ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍ രക്തസാക്ഷിയായി എന്നാരും പറയാറില്ല.സഖാക്കളെപ്പോലല്ല, പണത്തിനോടും പട്ടിനോടും.... എന്തിനധികം, പാര്‍ട്ടി പത്രത്തോടുപോലും തികഞ്ഞ വിരോധമാണ്.ആഗോളഭീമന്‍മാരുടെ ഉല്‍പ്പന്നങ്ങളും സ്വദേശിയും കിട്ടുന്നതനുസരിച്ച്‌ ഉപയോഗിക്കും.നേതൃത്വത്തിനായി പിടിവലി കൂടാറില്ല.ബൂര്‍ഷ്വകളായ മേലാളന്‍മാര്‍ വ(വി)രട്ട്‌തത്ത്വവാദം പ്രയോഗിക്കുമ്പോള്‍ നാലാം ലോകത്തുകയറി ഒളിച്ചിരിക്കും.അങ്ങനെ പോകുന്നു വിശേഷങ്ങള്‍. കൂടുതല്‍ വര്‍ത്തമാനം പിന്നെ പറയാം,മൂലധനവും അമ്മയും തിന്നുതീര്‍ക്കാനുണ്‍ട് .... വരട്ടെ." പാറ്റ യാത്രയാകുന്നു.

Saturday, February 2, 2008

സുജിത്.ജെ

മലയാളി :

'ചിട്ടികിട്ടിയിട്ടുവേണം ഭാര്യയുടെ പ്രസവം നടത്താന്‍' മാസം തികഞ്ഞിരിക്കുന്ന ഭര്‍ത്താവിന്‍ടെ കണക്കുകൂട്ടല്‍. (വാരാദ്യ മാധ്യമം)

സായിപ്പ് :

കുട്ടിക്ക് കണ്ണുകള്‍ തുറന്നിരുന്നില്ല! ചെവിയും വായും വിസര്‍ജനേന്ദ്രിയങള്‍ പോലും!! പക്ഷെ കൈകള്‍ സ്വതന്ത്രം. (വാരാദ്യ മാധ്യമം)

കല്യാണം:

വധു കാമുകനൊപ്പം രജിസ്ട്രാഫീസിന്‍ടെ പടി കയറുമ്പോള്‍ അച്ഛന്‍ പന്തലില്‍ നിന്ന് പ്രഖ്യപിച്ചു, "പായസത്തില്‍ ഈച്ച വീണു ചത്തതിനാല്‍ വിവാഹം മാറ്റിവച്ചിരിക്കുന്നു" (മംഗളം വാരിക)

സ്ത്രൈണം:

വാര്‍ദ്ധക്യമായെന്നു തോന്നിയിട്ടൊ, രുചി പോരാഞ്ഞിട്ടൊ കൊതുക് കുത്തിയകൊമ്പ് വലിച്ചൂരി യാത്രയായി. (മാവേലിനാട് മാസിക)