Wednesday, July 30, 2008

മുഹമ്മദ് ശിഹാബ്

ഖബര്‍:

പ്രണയിച്ചു വിവാഹിതരായ അവര്‍
ദീഘകാലം സുഖമായി ജീവിച്ചു.
അയാളുടെ മരണശേഷം അവള്‍
അയാളുടെ ഖബറിനോട് ചേര്‍ന്ന്
സ്വന്തം ഖബറെടുപ്പിച്ച്,
കാലങ്ങളോളം കാടുവെട്ടിയും,
പുല്ലുപറിച്ചും വൃത്തിയാക്കിയിട്ടു.
ഒരു നാള്‍ ഒരു സുനാമിത്തിരയില്‍
അവള്‍ അപ്രത്യക്ഷയായി.
ഖബര്‍ മാത്രം ആരെയോ പ്രതീക്ഷിച്ച്
ഉപ്പുവെള്ളത്തില്‍ നനഞ്ഞു കിടന്നു

Sunday, July 27, 2008

മുഹമ്മദ്‌ ശിഹാബ്‌

കാത്തിരിപ്പ്:

നാളുകള്‍ നീണ്‍ട ഇന്‍റര്‍നെറ്റ്
ചാറ്റിംഗിനൊടുവില്‍,
അവര്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു.
പറഞ്ഞുറപ്പിച്ച സ്ഥലത്ത് അടയാള
വസ്ത്രത്തില്‍ സ്വന്തം അനിയത്തിയെ കണ്‍ട്‌
അവന്‍ തിരിഞ്ഞോടി.
അവളിന്നും കാത്തിരിക്കയാണ്.......

Friday, July 25, 2008

നിതിന്‍.കെ

അച്ഛന്‍:

മലപ്പുറത്ത്‌ നാലു കൂടി.
കോട്ടയത്ത്‌ മൂന്നു കുറഞ്ഞു.
എന്താ പ്രശ്നം പട്ടക്കാര്‍ ആലോചിച്ചു.
പള്ളിക്കാര്‍ ഉത്തരം കണ്‍ടെത്തി.
പുതിയ ഓഫര്‍ ലേഖനമിറക്കി.
ഒന്നാമത്തേതിനു 25%.രണ്‍ടാമത്തേതിനു 50%.
മൂന്നാമത്തേതിനു 100%.
എന്നിട്ടും ഫലം കാണുന്നില്ല!
ഇനി എന്തുചെയ്യും? അച്ചന്‍ ആലോചിച്ചു.
വഴി ഒന്നേ ഉള്ളൂ അച്ചനുത്തരം കിട്ടി.
അങ്ങനെ 'അച്ചന്‍' "അച്ഛനായി"

Wednesday, July 23, 2008

സുജിത്‌.ജെ

കള്ളന്‍:

രണ്‍ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്തിരിക്കുന്നവന്‍റെ പേന എടുത്തതിന്‌ കള്ളനായി. ബുക്ക്‌,കുട,ചെരുപ്പ്‌.....സ്വര്‍ണ്ണം,പണം.അപ്പോഴെല്ലാം കള്ളന്‍ തന്നെ. പെണ്ണിന്‍റെ മാനം കവര്‍ന്നപ്പോള്‍ മാത്രം എന്തേ വാണിഭക്കാരന്‍ എന്ന പേര്!

Saturday, July 19, 2008

വിജയന്‍ വിളക്കുമാടം

സ്വര്‍ണ്ണമത്സ്യം:

വലയിലകപ്പെട്ട സ്വര്‍ണ്ണ മത്സ്യം ചോദിച്ചു"ദൈവത്തിന്‍റെ മടിയില്‍ സുഖമായി വാഴുന്ന എന്നെയെന്തിനാണ്‌ നീ ഉപദ്രവിക്കുന്നത്‌?""നിന്നെ ബംഗ്ലാവിലെ സ്വീകരണമുറിയില്‍ സര്‍വ്വവിധ സൌഭാഗ്യങ്ങളോടുംകൂടി വാഴിക്കാം അവിടെ ഇന്‍റര്‍നെറ്റുണ്‍ട്‌, ഹോം തിയേറ്ററുണ്‍ട്‌, സ്വിച്ചമര്‍ത്തിയാല്‍തിരിയുന്ന ലോകങ്ങളുണ്‍ട്‌ "മത്സ്യത്തിന്‌ കോപം വന്നു" നിന്നെ ഞാന്‍ എപ്പോഴും പ്രതീക്‌ഷിച്ചിരുന്നു.നിന്‍റെ അടിമയാകാന്‍ ഒരിക്കലും എന്നെ കിട്ടില്ല"പെട്ടെന്ന്‌ ഉരുക്കുവലയിലെ വെള്ളം കടും ചുവപ്പായി.വായില്‍ സൂക്ഷിച്ചിരുന്ന സയനേഡ്‌ പൊട്ടിച്ച്‌ മത്സ്യം യാത്രയായി....

Tuesday, July 15, 2008

ടി.മഹേഷ്‌ സര്‍ഗ്ഗം

വാര്‍ത്ത:

ചുണ്‍ടില്‍ ഇത്തിരിക്കൂടി ലിപ്‌സ്റ്റിക്ക്‌ പുരട്ടി.കണ്ണുകള്‍ വാലിട്ടെഴുതുകയുംമുടിമെടഞ്ഞിടുകയുംചെയ്തു. എല്ലാ വിഷയത്തിനും എ പ്ലസ്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ അച്ഛന്‍ സമ്മാനിച്ച സ്കര്‍ട്ടും ടോപ്പും ധരിച്ചുകഴിഞ്ഞപ്പോഴേക്കും ചാനലുകാരുമെത്തി. ക്യാമറയുടെ മുന്നില്‍ നെഞ്ചില്‍ തല്ലി കരഞ്ഞു "വി.ഐ.പി കളടക്കം ഇരുപത്തൊന്നു പേരാ ഇവളെ...കോവളത്തും ഗുരുവായൂരുമൊക്കെ കൊണ്‍ടുപോയിട്ടാ അവരെന്‍റെ മോളെ..."

Wednesday, July 9, 2008

സുജിത്‌.ജെ

ചന്ത:

വെള്ളത്തുണി
പെട്ടി
വിറക്‌
സുഗന്ധദ്രവ്യങ്ങള്‍.
പുറത്തൊരു ബോര്‍ഡും
'മാര്‍ജിന്‍ ഫ്രീ മരണമാര്‍ക്കറ്റ്‌'

Tuesday, July 8, 2008

ചന്തിരൂര്‍.K.S.A.റഷീദ്‌

പ്രണയം:

"നീയില്ലാതെ എന്‍റെ ജീവിതം പൂര്‍ണ്ണമാകില്ല..!"
ആര്‍ത്തിരമ്പുന്ന കടല്‍ത്തീരത്തെ
പഞ്ചാര മണലില്‍
അവളുടെ മടിയില്‍ തലചായ്‌ച്ച്‌
കിടന്നുകൊണ്‍ട്‌ പറഞ്ഞു.
"ശരിയാണ്‌ കട്ട്യോന്‍ ഗള്‍ഫീന്ന്‌ വരുന്നതു വരെ എന്‍റെ ജീവിതവും..."
അവള്‍ മനസ്സില്‍ പറഞ്ഞു.

Sunday, July 6, 2008

ഷാനിര്‍.കെ.വി

പരാശ്രയം:

നിലാവ്‌, വിളറിയ ആകാശം, നരച്ച നക്ഷത്രങ്ങള്‍ ...
വരണ്‍ട മണ്ണ്‌.
മുതുക്കനൊരു മരം, തൊലികളടര്‍ന്ന്‌
ഇലകളെല്ലാം കാറ്റെടുത്തിരിക്കുന്നു.
കാറ്റിലകപ്പെട്ട അപ്പൂപ്പന്‍ താടി
മഴപ്പാടങ്ങള്‍ക്കിടയിലൂടെ,
മുതുക്കന്‍ മരത്തെ നോക്കി.
ഇരുട്ടിന്‍റെ ഒരു തുണ്‍ട്‌ മറവില്‍ മരം നക്ഷത്രങ്ങളേയും...
പരസ്‌പരം ഒളിഞ്ഞ്‌ നോക്കുന്നത്‌
വൃദ്ധന്‍മാര്‍ക്ക്‌ ആശ്വാസകരമത്രെ!