Monday, February 18, 2008

5 കഥകള്‍ (സുജിത്‌.ജെ)

ബുദ്ധമരം:

ബോധം വീണ്‍ടെടുക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍

വസ്ത്രങ്ങളില്ലാതെ തുപ്പലുണങ്ങിയ മുഖവുമായി!

ദളിതം:

അവശവര്‍ഗ്ഗങ്ങള്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ പത്രവാര്‍ത്തയാണാധാരം

കുയില്‍ വെള്ളപെയിന്‍റുമെടുത്ത്‌ തയ്യാറായി.

രോഗി:

കഫം,മലം,മൂത്രം...

വിസര്‍ജ്ജ്യങ്ങളില്‍ ജീവനുവേണ്‍ടിയുള്ള അന്വേഷണം നടക്കുന്നുണ്‍ട്‌.

മരണം:

പശുതിന്നുതീര്‍ത്ത കാട്‌,

പന്നികുത്തിനിരത്തിയ കുന്ന്‌,

മേമ്പൊടിക്ക്‌കുറെ ജീവികളും.

ടെന്‍ഷന്‍:

മൂന്നാം തരത്തില്‍ പടിക്കുന്ന ചെറുക്കന്‍

കൊടിയ മഴയത്ത്‌

പിറ്റേന്നത്തേക്കുള്ള ഗൃഹപാഠമോര്‍ത്ത്‌

നീളന്‍ കൂട്ടിലെ ഐസുകഷണങ്ങള്‍ മേലോട്ടുയര്‍ത്തുന്നു.

Friday, February 15, 2008

5 കഥകള്‍ (സുജിത്‌.ജെ)

ഭക്ത:

ഏലസിനുള്ളില്‍ കുരുങ്ങിയ ദേവിയും തകിടില്‍ അടിഞ്ഞുചേര്‍ന്ന ദേവനും മാറിടങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നു.

സന്ന്യാസം:

സര്‍ക്കാരുവിലക്കിയ, മനസ്സുകള്‍ ശരീരങ്ങള്‍ കൈമാറുന്ന ചലച്ചിത്രങ്ങള്‍ കണ്‍ട്‌ 'വാത്സ്യായനന്‍ 'സ്വര്‍ഗ്ഗത്തിലൂടെ വികാരാധീനനായി ഓടി നടക്കുന്നത്രെ!

വഴിയിലേക്ക് വീണവള്‍:

കണ്ണുകള്‍ അന്ധനിളക്കി.കാതുകള്‍ ഊമയൊരുത്തനെടുത്തു.
ക്യാന്‍സറുപിടിച്ചില്ലാതായ ഭാര്യക്ക് വേണ്‍ടി പതിവ്രതന്‍ മുലകടിച്ചുകൊണ്‍ടുപോയി.ഒടുക്കം
കിടന്ന ചോരപുരണ്‍ട തുണിക്കഷ്ണങ്ങള്‍ തള്ളക്കാക്ക വിലയിട്ടെടുത്തു.

രമണന്‍:

അവന്‍: നിന്നില്‍ പ്രകൃതിയുടെ സൌന്ദര്യമുണ്‍ട്‌!
അവള്‍: അച്ഛന്‌ മരം വെട്ടാണു ജോലി.
അവന്‍: കുടുംബത്തില്‍ പിറന്നവളെന്നു പറയേണ്‍ടതില്ല?
അവള്‍: ശരിയാണ്‌. വൈകുന്നേരങ്ങളില്‍ മുല്ലപ്പൂവും ചൂടി അമ്മ ഓരോ കുടുംബങ്ങളിലേക്ക്‌ പോകാറുണ്‍ട്‌.
അവന്‍: നിന്നെ ഞാന്‍ മനസാവരിച്ചുപോയി. ദയവായി !!
അവള്‍: ഇന്നലെ നീരാട്ടു സമയത്ത്‌ കുളക്കരയില്‍ വച്ച മനസ്സ്‌,തിരിച്ചെടുക്കുന്നതിനു മുമ്പേ തിരമാലകള്‍ കൊണ്‍ടുപോയി.

Thursday, February 7, 2008

സുജിത്.ജെ

വൈരുദ്ധ്യാത്മക....വാദം :

"ലോകത്തിലെ ഏക സോഷ്യലിസ്റ്റ് വര്‍ഗ്ഗം ഞങ്ങളാണ്.ധനികനോടും ദരിദ്രനോടും ഒരേ സമീപനമാണ്.ഞങ്ങള്‍ കൊല്ലപ്പെട്ടാല്‍ രക്തസാക്ഷിയായി എന്നാരും പറയാറില്ല.സഖാക്കളെപ്പോലല്ല, പണത്തിനോടും പട്ടിനോടും.... എന്തിനധികം, പാര്‍ട്ടി പത്രത്തോടുപോലും തികഞ്ഞ വിരോധമാണ്.ആഗോളഭീമന്‍മാരുടെ ഉല്‍പ്പന്നങ്ങളും സ്വദേശിയും കിട്ടുന്നതനുസരിച്ച്‌ ഉപയോഗിക്കും.നേതൃത്വത്തിനായി പിടിവലി കൂടാറില്ല.ബൂര്‍ഷ്വകളായ മേലാളന്‍മാര്‍ വ(വി)രട്ട്‌തത്ത്വവാദം പ്രയോഗിക്കുമ്പോള്‍ നാലാം ലോകത്തുകയറി ഒളിച്ചിരിക്കും.അങ്ങനെ പോകുന്നു വിശേഷങ്ങള്‍. കൂടുതല്‍ വര്‍ത്തമാനം പിന്നെ പറയാം,മൂലധനവും അമ്മയും തിന്നുതീര്‍ക്കാനുണ്‍ട് .... വരട്ടെ." പാറ്റ യാത്രയാകുന്നു.

Saturday, February 2, 2008

സുജിത്.ജെ

മലയാളി :

'ചിട്ടികിട്ടിയിട്ടുവേണം ഭാര്യയുടെ പ്രസവം നടത്താന്‍' മാസം തികഞ്ഞിരിക്കുന്ന ഭര്‍ത്താവിന്‍ടെ കണക്കുകൂട്ടല്‍. (വാരാദ്യ മാധ്യമം)

സായിപ്പ് :

കുട്ടിക്ക് കണ്ണുകള്‍ തുറന്നിരുന്നില്ല! ചെവിയും വായും വിസര്‍ജനേന്ദ്രിയങള്‍ പോലും!! പക്ഷെ കൈകള്‍ സ്വതന്ത്രം. (വാരാദ്യ മാധ്യമം)

കല്യാണം:

വധു കാമുകനൊപ്പം രജിസ്ട്രാഫീസിന്‍ടെ പടി കയറുമ്പോള്‍ അച്ഛന്‍ പന്തലില്‍ നിന്ന് പ്രഖ്യപിച്ചു, "പായസത്തില്‍ ഈച്ച വീണു ചത്തതിനാല്‍ വിവാഹം മാറ്റിവച്ചിരിക്കുന്നു" (മംഗളം വാരിക)

സ്ത്രൈണം:

വാര്‍ദ്ധക്യമായെന്നു തോന്നിയിട്ടൊ, രുചി പോരാഞ്ഞിട്ടൊ കൊതുക് കുത്തിയകൊമ്പ് വലിച്ചൂരി യാത്രയായി. (മാവേലിനാട് മാസിക)