Monday, August 25, 2008

സുജിത്‌.ജെ


ഗുജറാത്ത്‌:

"ഗാന്ധിയുണ്‍ടായിരുന്നതിനാല്‍ മാത്രമാണ്‌
ഗോഡ്‌സെ അതു ചെയ്തത്‌ !!!!
ആയതിനാല്‍ ഗാന്ധിയാണ്‌ യഥാര്‍ത്ഥ പ്രതി.
തന്നെ വധിക്കാന്‍ പ്രേരിപ്പിച്ചതിനും
ഗോഡ്‌സെയെ കൊല്ലാനിടയായതിനും"

Wednesday, August 13, 2008

സബീഷ് ഗുരുതിപ്പാല

ലജ്ജ:

തൂവിക്കിടക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്ക് വേണ്ടി
കടിപിടി കൂടിയ ആണ്‍ പെണ്‍ നായകളെ കണ്‍ട്
ജീവന്‍ പോകാത്ത എല്ലിന്‍ കഷ്ണം നാണിച്ചു പോയി

Monday, August 11, 2008

രാജീവ്‌.ജി.ഇടവ

ദൈവമൂകത:

തന്‍റെ തെറ്റുകളെ ചൊല്ലി
അയാള്‍ സാഷ്‌ടാംഗം വീണ്‌
പാപക്കറ കഴുകിക്കളഞ്ഞു.
ആ രാത്രിയില്‍ ദൈവത്തിന്‍റെ സ്വര്‍ണ്ണമുഖവുമായി
അയാള്‍ ഇരുളിലേക്ക്‌ നടന്നു
പിന്നാലെ മൌനിയായി ദൈവവും.

Saturday, August 9, 2008

സുജിത്‌.ജെ

ഭ്രാന്തം:

ഓരോ ദിവസവും സമയം കുറച്ചുകുറച്ച്
അലാറം വച്ചു.
6,5.30,5,4.30.....
ഉറങ്ങാന്‍ കിടന്നസമയം തന്നെ
അലാറത്തിനായി തിരഞ്ഞെടുത്ത ദിവസം
ടൈംപീസില്‍നിന്നൊരശരീരി

Saturday, August 2, 2008

ശരത്‌ബാബു തച്ചമ്പാറ

പ്രസംഗം:

വീട്ടിലേക്കു നടക്കുന്ന കുട്ടിയുടെ മനസ്സില്‍
നിറഞ്ഞുനിന്നത്‌ കവലയില്‍ കേട്ട പ്രസംഗമായിരുന്നു.
വീട്ടില്‍ ചെന്ന ഉടന്‍ കുട്ടി
വസ്ത്രം മാറ്റാനോ ഭക്ഷണം കഴിക്കാനോ മെനക്കെടാതെ
ബാഗ്‌ വലിച്ചെറിഞ്ഞ്‌ അടുക്കളയില്‍നിന്ന്‌
കത്തിയെടുത്ത്‌ മൂര്‍ച്ച പരിശോധിച്ച്‌
അയല്‍വീട്ടിലേക്ക്‌ നോക്കി ദേഷ്യം കടിച്ചമര്‍ത്തി.

Wednesday, July 30, 2008

മുഹമ്മദ് ശിഹാബ്

ഖബര്‍:

പ്രണയിച്ചു വിവാഹിതരായ അവര്‍
ദീഘകാലം സുഖമായി ജീവിച്ചു.
അയാളുടെ മരണശേഷം അവള്‍
അയാളുടെ ഖബറിനോട് ചേര്‍ന്ന്
സ്വന്തം ഖബറെടുപ്പിച്ച്,
കാലങ്ങളോളം കാടുവെട്ടിയും,
പുല്ലുപറിച്ചും വൃത്തിയാക്കിയിട്ടു.
ഒരു നാള്‍ ഒരു സുനാമിത്തിരയില്‍
അവള്‍ അപ്രത്യക്ഷയായി.
ഖബര്‍ മാത്രം ആരെയോ പ്രതീക്ഷിച്ച്
ഉപ്പുവെള്ളത്തില്‍ നനഞ്ഞു കിടന്നു

Sunday, July 27, 2008

മുഹമ്മദ്‌ ശിഹാബ്‌

കാത്തിരിപ്പ്:

നാളുകള്‍ നീണ്‍ട ഇന്‍റര്‍നെറ്റ്
ചാറ്റിംഗിനൊടുവില്‍,
അവര്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു.
പറഞ്ഞുറപ്പിച്ച സ്ഥലത്ത് അടയാള
വസ്ത്രത്തില്‍ സ്വന്തം അനിയത്തിയെ കണ്‍ട്‌
അവന്‍ തിരിഞ്ഞോടി.
അവളിന്നും കാത്തിരിക്കയാണ്.......